തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം അനിശ്ചിതകാലത്തേക്ക് മുടങ്ങിയ സാഹചര്യത്തിലാണ് കളക്ടര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തില്‍ നഗരവാസികള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. പൈപ്പ്ലൈന്‍ അറ്റകുറ്റപ്പണിയുടെ അന്തിമ ഘട്ടത്തിലാണ്. എന്നാല്‍ വൈകുന്നേരം നാലിന് തുടങ്ങാനിരുന്ന പമ്പിങ് ഇതുവരെ തുടങ്ങാനായിട്ടില്ല. അലൈന്‍മെന്റിലെ പാളിച്ചയും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍. ഈയൊരു പശ്ചാത്തലത്തിലാണ് കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം.
നിലവില്‍ 30 ടാങ്കറുകളില്‍ നഗരസഭ വെള്ളമെത്തിച്ച് നല്‍കുന്നുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും പര്യാപ്തമായ അളവിലല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.