തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ഫാദര്‍ റോയി കണ്ണഞ്ചിറ. സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ നിന്ന് ഒരു പിതാവ് ചോദിക്കുകയാണ് എന്റെ കുഞ്ഞിനെ കൊന്നുതരാമോയെന്ന്. ആ ചോദിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനോടാണ്. ജാതിമത വ്യത്യാസമില്ലാതെ മാതാപിതാക്കള്‍ ചോദിക്കുകയാണ് ഭിന്നശേഷിയുള്ള മക്കള്‍ ജനിച്ചുപോയി. അവരുടെ അവകാശങ്ങള്‍ നേടിതരേണ്ട സര്‍ക്കാര്‍ എന്തുകൊണ്ടാണ് അവരോട് ഈ അക്രമം കാണിക്കുന്നതെന്ന്. അതുകൊണ്ട് ഭരണകൂടം അനുവദിക്കുന്ന അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഫാദര്‍ കണ്ണഞ്ചിറ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇത്തരത്തില്‍ നിലവിളിക്കേണ്ട ഒരു അവസരം ഈ ഓണദിനത്തില്‍ തന്നെ വന്നൂ എന്നതാണ്. സമ്പല്‍ സമൃദ്ധിയുടെ ഓണം എന്നാണല്ലോ പറയുന്നത്. മാനുഷ്യരെല്ലാരും ഒന്നുപോലെ എന്നൊക്കെ നിലവിളിച്ചുകൊണ്ട് ഈ പുരാവൃത്തങ്ങള്‍ ആഘോഷിക്കുന്ന കേരള ജനയുടെ മുന്നില്‍ ഇങ്ങനെയൊരു വൈദികനും ഭിന്നശേഷിയുള്ള മക്കളുടെ മാതാപിതാക്കളും അണിനിരന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായിട്ടുള്ളവരുടെ മറുപടി കിട്ടാതെ തങ്ങള്‍ മടങ്ങിപ്പോകില്ലെന്നും അദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ പറയാന്‍ വേണ്ടിയാണ് കാസര്‍കോട് മുതല്‍ പാറശാലവരെയുള്ള ഭിന്നശേഷി സ്‌കൂളുകളിലെ മാതാപിതാക്കളും അധ്യാപകരും മാനേജ്‌മെന്റും പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ അണിനിരന്നിരിക്കുന്നത്. അതുകൊണ്ട് ഈ പ്രതിഷേധ സമരത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തങ്ങള്‍ ആര്‍ക്കും എതിരായിട്ട് പറയാനോ, കുറ്റപ്പെടുത്താനോ വന്നവരല്ല. ഒരൊറ്റ കാര്യം ചോദിക്കാന്‍ വേണ്ടി വന്നതതാണ്. എന്തിനാണ് ഈ ഭിന്നശേഷി സമൂഹത്തെ ഒറ്റപ്പെടുത്തുന്നത്? ഇടതുപക്ഷവും വലതുപക്ഷവും ബിജെപിയും എതിര്‍വശത്ത് ആരാണെന്ന് നോക്കിയിട്ടാണ് എതിര്‍ക്കുന്നതും പ്രതികരിക്കുന്നതും. ഇങ്ങനെ ഓരോരുത്തരും പാര്‍ട്ടി തിരിച്ച് ഭിന്നശേഷിയുള്ള മക്കളുടെ കണ്ണുനീരിന് വില പറയുന്ന ഒരു കെട്ടകാലത്തോട് ഈ കേരളത്തിലെ മനസാക്ഷി ഉണര്‍ന്നുനിന്ന് ചോദിക്കുകയാണ് ഈ മക്കളെ കൊല്ലാതിരിക്കാമോ എന്ന്. ഇടതുപക്ഷത്തോട് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ് തങ്ങളുടെ ഇടതുപക്ഷത്തുവന്ന് നില്‍ക്കുക. വലതുപക്ഷംതങ്ങളുടെ വലതുപക്ഷത്തുവന്ന് നില്‍ക്കുക. ബിജെപിയോട് തങ്ങളുടെ ഒപ്പം വന്ന് നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഭരണഘടന അനുവദിക്കുന്ന സ്വന്തം അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിവില്ലാതെ, ജന്മനാ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോട് വേണോ ഈ അപമാനകരവും അനീതിയും നിറഞ്ഞ ക്രൂര പെരുമാറ്റമെന്ന് അദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും സാമൂഹ്യക്ഷേമ വകുപ്പിനോടും വിദ്യാഭ്യാസ വകുപ്പിനോടും ധനകാര്യ വകുപ്പിനോടും തങ്ങള്‍ ചോദിക്കുകയാണ്, നിങ്ങള്‍ എന്താണ് അവര്‍ക്കുവേണ്ടി ചെയ്തത്?
സമരവേദിയില്‍ വന്നിരിക്കുന്നവരില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. എന്നാല്‍ തങ്ങള്‍ ഇവിടെ ഒരു പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയാണ്. ഭിന്നശേഷി കുഞ്ഞുങ്ങളുടെ കണ്ണീര്‍പാര്‍ട്ടി (പി.കെ.കെ.പി). ഭിന്നശേഷി കുഞ്ഞുങ്ങളുടെ കണ്ണീര്‍ കോരിയെടുക്കുന്ന ഒരു സമ്മേളനമാണിത്. ലോകത്തുള്ള എല്ലാ ഭരണകൂടങ്ങളും ഭിന്നശേഷിക്കാര്‍ക്കായി ഭരണകൂടത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് അവര്‍ക്കുവേണ്ട സേവനങ്ങള്‍ ചെയ്തു വരുന്നു. ഇവിടെ അങ്ങനെയൊന്നില്ല. തങ്ങള്‍ ഈ മേഖലയെ വേണ്ടവിധം നിലനിര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍, അധികമൊന്നും തന്നില്ലെങ്കിലും തരേണ്ട നീതി മാത്രം തരാമോയെന്ന് ഫാദര്‍ റോബിന്‍ ചോദിക്കുന്നു.
ഒത്തിരി വലിയ വിഭവങ്ങള്‍ ഒന്നും വേണ്ട. തരാം എന്ന് സര്‍ക്കാര്‍ പറഞ്ഞത് മാത്രം മതി. അവര്‍ക്ക് അരച്ചാണ്‍ വയര്‍ നിറയ്ക്കാനുള്ളതെങ്കിലും പിരിച്ചുകൊടുക്കാമോ എന്ന് ചോദിക്കുകയാണ്. അവര്‍ക്കുവേണ്ടി കാവലിരിക്കുന്ന അധ്യാപകരും മാതാപിതാക്കളുമാണ് ഇവിടെ അണിചേര്‍ന്നിരിക്കുന്നത്. തനിച്ച് ജീവിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് സ്വന്തം അവകാശം സമരം ചെയ്ത് ചോദിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അവകാശം നടപ്പിലാക്കി കൊടുക്കുക എന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. അത് തങ്ങള്‍ ഏറ്റെടുത്ത് ചെയ്യുമ്പോള്‍ ഒപ്പം നില്‍ക്കാനെങ്കിലും മനസ് കാണിക്കൂ എന്നാണ് ആവശ്യപ്പെടുന്നത്.
സഹകരിക്കേണ്ടതിന് പകരം അതിനെ ആക്ഷേപിക്കുകയും പരിഹസിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈയൊരു കുത്തിയിരുപ്പുകൊണ്ട് തങ്ങള്‍ അങ്ങ് തിരിച്ചുപോകും എന്ന് ഒരു സര്‍ക്കാരും വിചാരിക്കേണ്ടെന്നും അദേഹം ഓര്‍മ്മപ്പെടുത്തി. ഒരൊറ്റ അപേക്ഷയെ ഉള്ളു കേരളത്തിന്റെ പൊതു സമൂഹം ഉണരണം. ബോധപൂര്‍വം സര്‍ക്കാര്‍ ഭിന്നശേഷിക്കാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ഭിന്നശേഷി സമൂഹം അര്‍ഹിക്കുന്ന ആവശ്യങ്ങളും അവകാശങ്ങളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം. അവരുടെ അവകാശങ്ങള്‍ നാടിനെ അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്.
ഈ മക്കളെ കൊല്ലാന്‍ വേണ്ടിയല്ല ജന്മം നല്‍കിയത്. അവരെ വളര്‍ത്താന്‍ വേണ്ടി നേടുവീര്‍പ്പിടുന്ന മാതാപിതാക്കളുടെ കണ്ണീര്‍ കാണാതെ ഈ സര്‍ക്കാര്‍ ഓണം ഉണ്ണുകയാണെങ്കില്‍ ഓണത്തിന്റെ അന്ന് പട്ടിണി സമരവുമായി പതിനായിരങ്ങള്‍ സെക്രട്ടേറിയേറ്റ് വളയുമെന്ന് ഫാദര്‍ റോബിന്‍ ഓര്‍മ്മിപ്പിച്ചു. അവകാശങ്ങളെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിച്ചു നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.