കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനായ എ.എം.എം.എ പിളര്‍പ്പിലേക്ക്്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ സമീപിച്ചു.
ചലച്ചിത്ര രംഗത്തുള്ള 21 സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്ക. ചലച്ചിത്ര താരങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് ബി. ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്.
ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടിമാരുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ കൂടിയ ശേഷം നിലപാട് അറിയാക്കാമെന്ന് വ്യക്തമാക്കിയതായും അദേഹം പറഞ്ഞു.
എന്നാല്‍ എ.എം.എം.എയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ലെന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല വ്യക്തമാക്കി. എ.എം.എം.എ ചാരിറ്റബിള്‍ പ്രസ്ഥാനമായി തന്നെ തുടരുമെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദേഹം അറിയിച്ചു.
നിലവില്‍ അഞ്ഞൂറിലധികം അംഗങ്ങളാണ് സംഘടനയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് എ.എം.എം.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയിലെ ചേരിതിരിവ് പരസ്യമായിരുന്നു. കമ്മിറ്റി ഒന്നടങ്കം രാജിവച്ചതിനെ എതിര്‍ത്ത് പല താരങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.