തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോണ്‍ക്ലേവ് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
സംസ്ഥാനങ്ങള്‍ക്ക് ധനവിഹിതത്തിന്റെ സന്തുലിതവുമായ വിതരണം വേണമെന്ന ആവശ്യം 16-ാം ധനകാര്യ കമ്മീഷന് മുമ്പാകെ ഉന്നയിക്കും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 280 നിര്‍വചിച്ചിരിക്കുന്ന നീതി ആയോഗിന്റെ ചുമതല, അതിവിപുലമായ പരിഗണനാ വിഷയങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന സര്‍ചാര്‍ജുകളുടെയും സെസുകളുടെയും വര്‍ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് ഇപ്പോള്‍ മൊത്ത നികുതി വരുമാനത്തിന്റെ 20 ശതമാനം വരും. സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളുടെ ഡിവിസിവ് പൂളില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതത്തില്‍ കുറവുണ്ടാകുന്നതിലേക്ക് നയിച്ചു. ഈ പ്രവണത 16-ാം ധനകാര്യ കമ്മീഷന്‍ പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളും സംസ്ഥാനങ്ങളുടെ ചെലവ് ബാധ്യതകളും തമ്മിലുള്ള നിരന്തരമായ സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. നിലവിലെ നികുതി വിതരണം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.