കോഴിക്കോട്: ഇൻഡിഗോ വിമാനത്തോടുള്ള ബഹിഷ്കരണം അവസാനിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ. പി ജയരാജൻ. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിക്ക് പോയത്. രണ്ട് വർഷം നീണ്ട ബഹിഷ്കരണം അവസാനിപ്പിച്ചാണ് ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്.
ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ. പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്. 2022 ജൂൺ 13 നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.