കോയമ്പത്തൂര്‍: ധനമന്ത്രി നിര്‍മല സീതാരാമനോട് അന്നപൂര്‍ണ റസ്റ്ററന്റ് ഉടമ മാപ്പപേക്ഷിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചെറുകിട കച്ചവടക്കാരുടെ അഭ്യര്‍ഥനകള്‍ അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് ധനമന്ത്രി പരിഗണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കോയമ്പത്തൂരിലെ ചെറുകിട റസ്റ്ററന്റ് ശൃംഖലയായ അന്നപൂര്‍ണയുടെ ഉടമ പൊതുവേദിയില്‍ വെച്ച് ജി.എസ്.ടിയുടെ പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ എത്രത്തോളം അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് മറുപടി നല്‍കുന്നതെന്ന് നോക്കൂ എന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
അതേസമയം ശതകോടീശ്വരനായ സുഹൃത്ത് നിയമങ്ങള്‍ മാറ്റാന്‍ പറയുമ്പോഴും ദേശീയ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാറിന് ഒരു മടിയുമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം, ബാങ്കിങ് സംവിധാനത്തിലെ പോരായ്മകള്‍, നികുതിയിലെ പ്രശ്‌നങ്ങള്‍, ജി.എസ്.ടി എന്നിവ മൂലം നമ്മുടെ വ്യവസായികള്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ച് അന്നപൂര്‍ണ റസ്റ്ററന്റിന്റെ ഉടമ ജി.എസ്.ടിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അദേഹത്തിന് മറുപടി നല്‍കാതെ ചിരിക്കുക മാത്രമാണ് നിര്‍മല സീതാരാമന്‍ ചെയ്തത്. പിന്നീട് ധനമന്ത്രിയോട് മാപ്പപേക്ഷിച്ച് റസ്റ്ററന്റ് ഉടമ രംഗത്തെത്തുകയും ചെയ്തു. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ആളല്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് അന്നപൂര്‍ണ ഉടമ വിശദീകരിച്ചിരുന്നു.