മലയാള സിനിമയില്‍ പുതിയ സംഘടന; ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വത്തില്‍

മലയാള സിനിമയില്‍ പുതിയ സംഘടന;  ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വത്തില്‍

കൊച്ചി: സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, അഞ്ജലി മേനോന്‍, ആഷിക്കിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയ സംഘടന.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. മലയാള സിനിമയില്‍ പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി.

തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്നും കത്തിലുണ്ട്.

മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു നേരത്തെ രാജി വെച്ചിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു ആഷിക് അബു രാജിവച്ചത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴി വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്തെത്തി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത് തടയണമെന്നാണ് ആവശ്യം.

റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തക്കെതിരെയാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.