പത്ത് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ രോഗലക്ഷണങ്ങളുള്ള പത്ത് പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് രോഗ ലക്ഷണമുള്ളവരുടെ സാമ്പിള്‍ ശേഖരിച്ചത്. കോഴിക്കോട്ടെ ലാബിലാണ് പരിശോധന നടക്കുന്നത്.

അതേസമയം വണ്ടൂരില്‍ മരിച്ച ഇരുപത്തിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി വരികയാണ്. ബംഗളൂരുവില്‍ നിന്ന് എത്തിയ ശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.

മലപ്പുറം തിരുവാലി പഞ്ചായത്തില്‍ പനിയുമായി ബന്ധപ്പെട്ട സര്‍വേ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ സര്‍വേ ഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. നിപ ബാധിച്ച് മരണപ്പെട്ട യുവാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15 സഹപാഠികള്‍ നിരീക്ഷണത്തിലാണ്.

ജാഗ്രത നിര്‍ദേശം ഏര്‍പ്പെടുത്തിയ ബംഗളൂരില്‍ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്നു. ബംഗളൂരില്‍ വിദ്യാര്‍ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതു കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.