വയനാട് ദുരന്തം: കണക്കുകള്‍ കേന്ദ്ര നിബന്ധന പ്രകാരം; ശരിക്കുള്ള ചിലവ് ഇതിലും കൂടുതലെന്ന് ചീഫ് സെക്രട്ടറി

വയനാട് ദുരന്തം: കണക്കുകള്‍ കേന്ദ്ര നിബന്ധന പ്രകാരം; ശരിക്കുള്ള ചിലവ് ഇതിലും കൂടുതലെന്ന്  ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്‍പ്പിച്ചിട്ടുള്ളതെന്നും ഈ നിബന്ധനകള്‍ പ്രകാരം എല്ലാ ചിലവുകളും അതില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍.

യഥാര്‍ത്ഥ ചിലവുകള്‍ ഇപ്പോള്‍ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണെന്നും അതിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.

പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച കണക്കാണിത്. അതുതന്നെയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയതും.

വീട് നഷ്ടപ്പെട്ടവരുടെ ഇടക്കാല താമസത്തിനായി നല്‍കുന്ന വാടക പോലുള്ള നിരവധി ചിലവുകള്‍ കേന്ദ്ര നിബന്ധനകളനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയില്ല.

വീടുകളുടെ നാശ നഷ്ടത്തിനും മറ്റും കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനെക്കാള്‍ കുറവാണ്. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയമായ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിച്ചത്.

മോഡല്‍ ടൗണ്‍ഷിപ്പ്, പുനരധിവാസം പൂര്‍ത്തിയാവും വരെ ഇടക്കാല താമസമടക്കമുള്ള കാര്യങ്ങള്‍, നഷ്ടപരാഹാരം നല്‍കല്‍ എന്നിങ്ങനെ വന്‍ ചെലവുള്ള ഏറെ ക്കാര്യങ്ങള്‍ മുന്നിലുണ്ട്.

ഈ കണക്കുകള്‍ ദുരന്തത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തയ്യാറാക്കിയ ഒരു പ്രൊജക്ഷന്‍ മാത്രമാണ്. സാധാരണ പ്രകൃതി ദുരന്ത കാലങ്ങളിലൊക്കെ സ്വീകരിച്ചു വരുന്ന മാതൃകയാണിതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കേന്ദ്ര സംഘം ഇവിടെ വന്ന് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. വൈകാതെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതുന്നതായും ശാരദാ മുരളീധരന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.