കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്കുള്ള (ഐ.എസ്) റിക്രൂട്ട്‌മെന്റ് കേരളത്തില്‍ വ്യാപകമായി നടക്കുന്നതായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍.
ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഐ.എസ് ഭീകര സംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു.
പി. ജയരാജന്‍ എഴുതുന്ന പുസ്തവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ഇപ്പോഴുമുണ്ടെന്ന് അദേഹം തുറന്നു പറഞ്ഞത്.
ലോകത്താകെ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം.
ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മത രാഷ്ഷ്ട്രീയ വാദികളാണെന്നും പി. ജയരാജന്‍ പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള നാല് ചെറുപ്പക്കാരെ കുറിച്ച് പറഞ്ഞ ജയരാജന്‍ അവര്‍ ഇന്ത്യയെന്ന മതേതര രാജ്യത്തിനെതിരെയാണ് യുദ്ധം ചെയ്തതെന്നും മത രാഷ്ട്രമായിരുന്നു അവരുടെ സങ്കല്‍പ്പമെന്നും വ്യക്തമാക്കി.
കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ജയരാജന്റെ പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമര്‍ശനുമുണ്ടാകുമെന്നും അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും അദേഹം പറഞ്ഞു.