എൻസിപിയിലെ മന്ത്രിസ്ഥാനം മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക്; നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ശരത് പവാർ

എൻസിപിയിലെ മന്ത്രിസ്ഥാനം മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക്; നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ശരത് പവാർ

കൊച്ചി: എൻസിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരവേ മന്ത്രി എ.കെ. ശശീന്ദ്രനോട് തോമസ് കെ. തോമസ് എംഎൽ‌എക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് എൻസിപി പ്രസിഡന്റ് പി.സി. ചാക്കോ. മന്ത്രിസ്ഥാനം തോമസ് കെ. തോമസിന് നൽകണമെന്ന പാർട്ടി തീരുമാനം എ.കെ. ശശീന്ദ്രനെ അറിയിച്ചതിന് പിന്നാലെയാണ് പി.സി. ചാക്കോയുടെ പ്രസ്താവന. മുന്നണി സർക്കാർ ആയതിനാൽ മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ആയതിനാലാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നതെന്ന് പി.സി. ചാക്കോ പറഞ്ഞു.

‌രണ്ടര വർ‌ഷം കഴിഞ്ഞ് മന്ത്രിസ്ഥാനം വച്ചുമാറണമെന്നത് പാർട്ടി ധാരണയാണെന്നും അത് പാലിക്കണമെന്നുമാണ് കത്തിൽ ശശീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മന്ത്രിസ്ഥാനം ഒഴിയില്ലെന്നും തനിക്ക് പാർലമെന്റ് ജീവിതത്തിൽനിന്ന് മാന്യമായ വിരമിക്കൽ ആവശ്യമാണെന്നുമാണ് ശശീന്ദ്രന്റെ നിലപാട്. അതേസമയം, പാർട്ടിയിൽ നിന്ന് പലതരത്തിലുള്ള കത്തുകൾ കിട്ടുമെന്നും പ്രതികരിക്കാനില്ലെന്നും ആയിരുന്നു ശശീന്ദ്രന്റെ മറുപടി.

അതേസമയം എൻസിപി മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് പാർട്ടി അധ്യക്ഷൻ ശരത് പവാർ. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. 20ന് ഡൽഹിയിൽ എത്താനാണ് നിർദേശം. ശശീന്ദ്രൻ ഡൽഹിക്ക് പോയേക്കില്ലെന്നാണ് വിവരം.

നാളെ കൊച്ചിയിൽ നടക്കുന്ന മണ്ഡലം പ്രസിഡന്റുമാരുടെ കൺവെൻഷനിൽ മന്ത്രിസ്ഥാനം ചർച്ചയായേക്കുമെന്നാണ് സൂചന. യോഗത്തിൽ ശശീന്ദ്രൻ വിഭാഗം മന്ത്രിസ്ഥാനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുന്നയിച്ചേക്കും. ഇന്നലെ ഓൺലൈനായി നടന്ന ഭാരവാഹി യോഗത്തിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശശീന്ദ്രൻ വിഭാഗം നേതാക്കളുടെ സാന്നിധ്യം മനസിലാക്കിയ പി സി ചാക്കോ യോഗത്തിൽ കയറിയിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.