വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ മലയാളി സമൂഹത്തെയാകെ നൊമ്പരപ്പെടുത്തി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ റോട്ടോറുവയ്ക്കു സമീപം താമസിക്കുന്ന റോണി ജോര്‍ജാണ് (47) അപ്രതീക്ഷിതമായി വിട വാങ്ങിയത്. എറണാകുളം
നോര്‍ത്ത് പറവൂര്‍ ചെട്ടിക്കാട് സ്വദേശിയാണ്.
കൊറിയര്‍ സര്‍വീസുമായി ബന്ധപ്പെട്ട ജോലിക്കായി പോകവേയാണ് കുഴഞ്ഞുവീണ് മരണം സംഭവിച്ചത്. ന്യൂസീലന്‍ഡിലെ മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും ഇടവക കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന റോണിയുടെ മരണവാര്‍ത്ത നടുക്കത്തോടെയാണ് എല്ലാവരും കേട്ടത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോണിയുടെ മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ന്യൂസീലന്‍ഡില്‍ തന്നെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പൊതുദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കും. ഭാര്യയും ഒരു മകനുമുണ്ട്.
നോര്‍ത്ത് പറവൂര്‍ ചെട്ടിക്കാട് കുറുപ്പശ്ശേരില്‍ വീട്ടില്‍ കെ.പി ജോര്‍ജിന്റെയും ആനിയുടെയും മകനാണ്. റോണിയുടെ ഭാര്യ ജിന്‍സി പോള്‍ (കോട്ടയം കളത്തൂര്‍ ചാമക്കാല കുടുംബാംഗമാണ്). റോട്ടോറുവ ജോണ്‍ പോള്‍ കോളജ് വിദ്യാര്‍ത്ഥിയായ റയാന്‍ റോണി മകനാണ്.