കൊച്ചി: ഒക്ടോബര്‍ ഒന്ന് മുതല്‍ മലയാള സിനിമയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ സേവന വേതന കരാര്‍ ഒപ്പിടണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ.എം.എം.എയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കള്‍ കത്ത് അയച്ചു.
ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവര്‍ നിര്‍മാണ കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ കരാര്‍ നല്‍കണം. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം പറ്റുന്നവര്‍ മുദ്രപത്രത്തില്‍ കരാര്‍ നല്‍കണം. കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ല. കൂടാതെ ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തിയതായി അസോസിയേഷന്‍ അറിയിച്ചു.
സേവന വേതന കരാറില്ലാത്ത തൊഴില്‍ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇടപെടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.