വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം രാവിലെ പതിനൊന്നിന്

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം രാവിലെ പതിനൊന്നിന്

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മാധ്യമങ്ങളെ കാണും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് ഓഫീസ് അറിയിച്ചിരിക്കുന്നത്. പി.വി അന്‍വര്‍ വിവാദം ഉണ്ടായ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

ഒരു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാത്തത് അടക്കമുള്ള കാര്യങ്ങളില്‍ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്.

മാത്രമല്ല തൃശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതിലും സിപിഐ നേതൃത്വം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും ഭരണകക്ഷി എംഎല്‍എ നല്‍കിയ പരാതിയിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.