തൊഴിലിടങ്ങളിലെ സ്ത്രീ ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണം; സീറോ മലബാര്‍സഭാ അല്‍മായ ഫോറം

തൊഴിലിടങ്ങളിലെ സ്ത്രീ ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണം; സീറോ മലബാര്‍സഭാ അല്‍മായ ഫോറം

കൊച്ചി: തൊഴിലിടങ്ങളിലെ സ്ത്രീ ജീവനക്കാരുടെ അമിത ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണമെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം. മുംബൈയിലെ കോര്‍പറേറ്റ് കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ അകാല മരണം ഏറെ ദുഖകരമാണ്. മകളുടെ മരണത്തെപ്പറ്റി അമ്മ എഴുതിയ കത്ത് ഇപ്പോള്‍ രാജ്യത്തെ യുവതി യുവക്കളുടെ തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥയെ ചൂണ്ടികാണിക്കുന്നതാണെന്നും .

കോര്‍പറേറ്റ് കമ്പനികളിലെ അമിത ജോലി ഭാരവും സമ്മര്‍ദ്ദവും നിമിത്തം ചെറുപ്പക്കാര്‍ മരിച്ചു വീഴുന്നതിനെതിരെ പ്രതിഷേധങ്ങളും പഠനങ്ങളും ലോക വ്യാപകമായി നടക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത, ചൂഷണം നടക്കുന്ന തൊഴിലിടങ്ങളെ പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം വേണം. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം.

സ്വയം തൊഴിലെടുക്കുന്നവര്‍, സംരംഭകര്‍, സാധാരണ തൊഴിലാളികള്‍, കര്‍ഷകര്‍, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ തുടങ്ങി എല്ലാവിധ തൊഴില്‍ രംഗങ്ങളിലും ഇന്ന് സ്ത്രീകള്‍ കഴിവ് തെളിയിക്കുന്നുണ്ട്. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകള്‍ക്കിടയിലും ആയി ജീവിതം തള്ളി നീക്കാന്‍ വിധിക്കപെട്ട സ്ത്രീകള്‍ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒട്ടും കുറവല്ല.

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ വീട്ടു ജോലികളില്‍ ഏര്‍പ്പെടുന്നുവെന്നും ഇന്ത്യയില്‍ ഇത് പത്ത് മടങ്ങ് കൂടുതലാണെന്നുമാണ് മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ പുതിയ പഠനം പറയുന്നത്. അമിത ജോലി ഭാരം നിമിത്തം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും വ്യക്തി ബന്ധങ്ങളിലെ ഏറ്റുമുട്ടലുകളും പതിവാണ്. ജോലി സ്ഥലത്തെ സമ്മര്‍ദ്ദംമൂലം മരിക്കുന്നവരുടെ എണ്ണം ലോക വ്യാപകമായി വര്‍ധിക്കുകയാണെന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പറഞ്ഞു.

ജീവനക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിന് പുറമേ അവരുടെ ആരോഗ്യപരവും വൈകാരികവുമായ ആവശ്യങ്ങള്‍ പോലും കമ്പനികള്‍ പരിഗണിക്കാറില്ല. കൂടുതല്‍ ലാഭവും പരമാവധി വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദവും ജോലിഭാരവും അടിച്ചേല്‍പിക്കുന്നത്. സര്‍ക്കാരുകള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ മിക്കപ്പോഴും അവഗണിക്കുകയാണ്.

തുടക്കക്കാരായ ജീവനക്കാരെ ചൂഷണം ചെയ്യുന്ന പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. തൊഴില്‍ മേഖലയില്‍ ആകമാനം പരിശീലനം എന്ന പേരിലോ യാഥാര്‍ത്ഥ്യ ലോകത്തിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിലോ തുടക്കക്കാരായ ജീവനക്കാര്‍ അമിതഭാരം എടുക്കേണ്ടി വരുന്നുണ്ടെന്ന് ഈ മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കുടുംബത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍, വ്യക്തിപരമായ ആരോഗ്യ പ്രശ്ങ്ങള്‍ തുടങ്ങി തൊഴിലിടങ്ങളില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളില്‍ നിന്ന് പലവിധ ചൂഷണങ്ങളും സ്ത്രീ തൊഴിലാളികള്‍ നേരിടേണ്ടി വരുന്നതിനാല്‍ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്.

ജീവനക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും അന്യായമായ പിരിച്ചുവിടല്‍ ഭീഷണിയുമെല്ലാം തൊഴില്‍ മേഖലയില്‍ അരാജകത്വവും അസ്ഥിരതയും സൃഷ്ടിക്കുന്നുണ്ട്. സംതൃപ്തമായ തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിനും തൊഴിലുടമകള്‍ക്കും ബാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.