തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനെതിരായ നടപടി ഇന്നറിയാം. അജിത്കുമാറിനെ നീക്കണമെന്നകാര്യത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മേല്‍ രാഷ്ട്രീയ സമ്മര്‍ദമേറുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിര്‍ണായകമാകും.
ആര്‍.എസ്.എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ സംരക്ഷിച്ച് നിര്‍ത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപം ശക്തമാണ്. പ്രശ്നം വഷളാവാതെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി പ്രശ്നം തീര്‍ക്കാനുള്ള ആലോചനയാണ് നടക്കുന്നത്. അജിത്കുമാറിനെ അപ്രധാന തസ്തികയിലേക്ക് മാറ്റി എതിര്‍പ്പ് ശമിപ്പിക്കാനാണ് ശ്രമം. എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐക്കും ആര്‍.ജെ.ഡിക്കും പുറമേ സി.പി.എമ്മിലും അതൃപ്തിയുണ്ട്.
ഒക്ടോബര്‍ നാലിന് നിയമസഭാ സമ്മേളനവും തുടങ്ങുകയാണ്. സഭാ തലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും എ.ഡി.ജി.പി അജിത്കുമാറുമായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. മുന്നണിയില്‍ തന്നെ തര്‍ക്കമുണ്ടാകുമ്പോള്‍, പ്രതിപക്ഷത്തെ നേരിടുക എളുപ്പമാകില്ല. അതിനാല്‍ സഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് അജിത്കുമാറിനെ മാറ്റിനിര്‍ത്താനാണ് സാധ്യത.