അന്‍വറിനെ തള്ളി; ശശിക്കും അജിത് കുമാറിനും മുഖ്യമന്ത്രിയുടെ കട്ട സപ്പോര്‍ട്ട്

അന്‍വറിനെ തള്ളി; ശശിക്കും അജിത് കുമാറിനും മുഖ്യമന്ത്രിയുടെ കട്ട സപ്പോര്‍ട്ട്

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആര്‍ അജിത് കുമാറിനും നല്‍കി വരുന്ന കട്ട സപ്പോര്‍ട്ട് തുടര്‍ന്നും പി.വി അന്‍വറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍.

ശശിയുടെ പ്രവര്‍ത്തനം മാതൃകപരമാണെന്നും അതില്‍ തെറ്റ് കാണുന്നില്ല എന്നതിനാല്‍ അന്വേഷണത്തിന്റെ ആവശ്യവുമില്ല. എഡിജിപിയെ തല്‍കാലം സ്ഥാനത്ത് നിന്ന് മാറ്റില്ല. അന്വേഷണത്തില്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ അപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും.

ആരെല്ലാം പരാതി പറഞ്ഞാലും റിപ്പോര്‍ട്ട് വരുന്നത് വരെ നടപടിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പി.ശശിക്കും എം.ആര്‍ അജിത് കുമാറിനും എതിരെ പരാതി ഉണ്ടെങ്കില്‍ തന്നോട് നേരിട്ട് പറയുകയോ, പര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു പി.വി അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്.

അതിന് മുന്‍പ് അന്‍വര്‍ തുടരേ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. അന്‍വറിന്റേത് ഇടത് പശ്ചാത്തലമല്ല. അദേഹം കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണന്നും പിണറായി വിജയന്‍ പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയും മുഖ്യമന്ത്രി തള്ളി. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച തന്റെ ഇടനിലക്കാരനായാണ് എന്നതായിരുന്നു ആരോപണം. രാഷ്ട്രീയ ദൗത്യങ്ങള്‍ക്കായി പൊലീസിനെ അയക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

പൂരം വിവാദത്തില്‍ പരിശോധന നടക്കുന്നു. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.