തിരുവനന്തപുരം: തൊഴില്‍ സ്ഥലത്തെ മനുഷ്യത്വ രഹിതമായ പെരുമാറ്റങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ശശി തരൂര്‍ എംപി. മനുഷ്യാവകാശങ്ങള്‍ ജോലി സ്ഥലത്ത് അവസാനിക്കുന്നില്ലെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും തരൂര്‍ അറിയിച്ചു.
ജോലിഭാരവും തൊഴില്‍ സമ്മര്‍ദവും മൂലം അകാലത്തില്‍ മരിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. അന്നയുടെ പിതാവുമായി നടത്തിയ സംസാരം വൈകാരികവും ഹൃദയഭേദകവുമായിരുവെന്ന് തരൂര്‍ എക്സില്‍ എഴുതി.
അതേസമയം, ഏണസ്റ്റ് ആന്‍ഡ് യങിലെ കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് മരിച്ച ഇരുപത്താറുകാരിയായ അന്ന സെബാസ്റ്റ്യന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
അന്നയുടെ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൊഫഷണലുകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പോരാടുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കൊച്ചിയിലെ അവരുടെ വീട് സന്ദര്‍ശിച്ച ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി) ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയാണ് വീഡിയോ കോള്‍ സംഘടിപ്പിച്ചത്.
അന്നയുടെ പെട്ടെന്നുള്ള ദാരുണമായ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൊഫഷണലുകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വലിയ താല്‍പര്യത്തിനായി ഈ വിഷയത്തെക്കുറിച്ച് വളരെ പ്രയാസകരമായ നിമിഷത്തിലും സംസാരിക്കാന്‍ തയ്യാറായ കുടുംബത്തിന്റെ ധൈര്യത്തെയും നിസ്വാര്‍ത്ഥതയെയും അഭിനന്ദിക്കുകയും ചെയ്തു.