കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ മധുകര്‍ നേരത്തെ മുംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തു.  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ മധുകര്‍ ജാംദാറിനെ നിയമിക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് നല്‍കിയിരുന്നു.

എന്നാല്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തില്‍ കേന്ദ്രം നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളില്‍ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തില്‍ മാറ്റം വേണ്ടെന്നായിരുന്നു തീരുമാനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.