ഗവേഷണ മേഖലയില്‍ ഇന്ത്യ ഇനി കൂടുതല്‍ തിളങ്ങും; പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

 ഗവേഷണ മേഖലയില്‍ ഇന്ത്യ ഇനി കൂടുതല്‍ തിളങ്ങും; പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരാന്‍ മൂന്ന് പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഭൗതിക ശാസ്ത്രം, ഭൗമ ശാസ്ത്രം, പ്രപഞ്ച ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വിപുലമായ ഗവേഷണം നടപ്പിലാക്കാന്‍ ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ കമ്പ്യൂട്ടിങ് ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ സംരംഭമാണിത്. ഇന്ത്യയിലെ ഗവേഷകര്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്ര പറഞ്ഞു. യുവ മനസുകളില്‍ ശാസ്ത്രീയ ബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിനായി 10,000 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്‌കൂളുകളില്‍ നിര്‍മിച്ചുവെന്നും അദേഹം വ്യക്തമാക്കി.

അക്കാദമിക്, ഗവേഷകര്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ വര്‍ധിച്ചു വരുന്ന കമ്പ്യൂട്ടേഷണല്‍ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. രാജ്യത്തിന് ശക്തമായ സൂപ്പര്‍ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്നതിനാണ് നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് മിഷന്‍ (എന്‍എസ്എം) സ്ഥാപിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവേഷണ മേഖലകളെ പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമ്പൂര്‍ണ ബജറ്റില്‍ ഗവേഷണ മേഖലയ്ക്ക് ഒരു ലക്ഷം കോടി അനുവദിച്ചിരുന്നു. ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന നിരവധി നാഴികക്കല്ലുകളാണ് ഇന്ത്യന്‍ ശാസ്ത്ര സമൂഹം രാജ്യത്തിനായി സമ്മാനിച്ചത്. കാലാവസ്ഥ, കമ്പ്യൂട്ടേഷണല്‍ ഫ്ളൂയിഡ് ഡൈനാമിക്‌സ്, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ മനസിലാക്കുന്നതിനായുള്ള ആപ്ലിക്കേഷനുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും പരം രുദ്ര കമ്പ്യൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.