ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടണം; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടണം; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

കൊച്ചി: ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങള്‍ സെന്‍സര്‍ ചെയ്യണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം. ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയില്‍ അവതരിപ്പിക്കുന്ന സിനിമാ വരികളും സംഗീതവും മലയാള ചലച്ചിത്രങ്ങളില്‍ വ്യാപകമാകുകയാണെന്നും അല്‍മായ ഫോറം ചൂണ്ടിക്കാട്ടി.

ക്രൈസ്തവ പ്രതീകങ്ങള്‍ക്ക് നിഷേധാത്മകമായ പരിവേഷം നല്‍കി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങളിലൊന്നാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബോഗയ്ന്‍വില്ല' എന്ന ചിത്രത്തിലെ 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' എന്ന പ്രമോഗാനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ക്രൈസ്തവരേയും ക്രൈസ്തവ വിശ്വാസ ആചാരങ്ങളെയും എത്ര ഹീനമായി പരിഹസിക്കാമെന്ന രീതിയിലുള്ള പിശാചിന് സ്തുതി പാടുന്ന ഇത്തരം ഗാനങ്ങള്‍ ക്രൈസ്തവ സമൂഹത്തിലെ പുതുതലമുറയെ വഴിതെറ്റിക്കുമെന്നും അല്‍മായ ഫോറം വ്യക്തമാക്കി.
പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' എന്ന ഗാനം തീര്‍ച്ചയായും ക്രൈസ്തവരെ ഏറെ ദുഖിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നു.

ഇത്തരം ക്രൈസ്തവ പ്രതീകങ്ങളുടെ വികലമായ ചിത്രീകരണത്തെയും ദൃശ്യങ്ങളെയും ഗാന വരികളെയും ഒരിക്കലും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ കഴിയില്ല. ക്രൈസ്തവ പശ്ചാത്തലം മാത്രം വികലമാക്കി ചിത്രീകരിച്ച ഇത്തരം ഗാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് സെന്‍സര്‍ ചെയ്യണം. ക്രൈസ്തവര്‍ക്കെതിരെയുള്ള ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണമെന്നും സീറോ മലബാര്‍ സഭാ അല്‍മായ ഫോറം ആവശ്യപ്പെട്ടു.

ക്രൈസ്തവമായ പേരുകളും ഇതിവൃത്തങ്ങളും പശ്ചാത്തലങ്ങളും ഉപയോഗിക്കുകയാണെങ്കില്‍ സിനിമാ ഗാനങ്ങള്‍ വിജയിപ്പിക്കാമെന്നുള്ള ചിന്ത സംവിധായകരില്‍ രൂഢമൂലമായിരിക്കുന്നു. അത്തരം ചിന്തകള്‍ ക്രൈസ്തവരുടെ നെഞ്ചത്ത് മാത്രം ചവിട്ടിവേണ്ടായെന്ന് സിനിമാ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു. 'ബോഗയ്ന്‍വില്ല' പോലെയുള്ള സിനിമകളില്‍ക്കൂടിയും ഗാനങ്ങളില്‍ക്കൂടിയും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വം അവമതിക്കുന്നതിനെയും അവഹേളനാപരമായി ചിത്രീകരിക്കുന്നതിനെയും അല്‍മായ ഫോറം ശക്തമായി എതിര്‍ക്കുന്നു.

ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടണം. മലയാള സിനിമ തന്നെ വളരെ ധാര്‍മികമായ അപചയത്തില്‍ വീണുകിടക്കുന്ന ഇന്നത്തെ സാഹചര്യം എന്ത് കൊണ്ടാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പഠിക്കണം. മലയാള സിനിമ മേഖലയിലെ വന്‍ ചൂഷണങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നു. പൈശാചികതയുടെയും വിശ്വാസ അവമതിയുടെയുമൊക്ക കുത്സിത ശ്രമങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവാദം മുഴക്കി സിനിമാ ഗാനങ്ങളിലൂടെ നടപ്പിലാക്കാമെന്നും ന്യായീകരിക്കാമെന്നും ആരും വ്യാമോഹിക്കേണ്ട.

സാമൂഹ്യ വ്യവസ്ഥിതിക്കും സംസ്‌കാരത്തിനും കേവല ധാര്‍മ്മികതയ്ക്കും വിരുദ്ധമായി തങ്ങളുടെ ആശയ പ്രചാരണത്തിനായി ക്രൈസ്തവര്‍ക്കെതിരെ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു വര്‍ഗം ഇവിടെ ശക്തിപ്രാപിക്കുന്നത് ഒന്നിച്ച് നിന്നുകൊണ്ട് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യമാണ്.

ക്രൈസ്തവ സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാള സിനിമാ വ്യവസായം മാറിയിരിക്കുന്നു എന്ന് പറയുന്നതില്‍ ഏറെ ഖേദമുണ്ട്. പണത്തിനും കയ്യടിക്കും വേണ്ടി ക്രൈസ്തവരെ അവഹേളിക്കുന്ന, കര്‍ത്താവിന്റെ നാമത്തെ വരെ ദുരുപയോഗം ചെയ്തു കൊണ്ടുള്ള 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി' പോലെയുള്ള ഗാനങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.