'തെറ്റായി വ്യാഖ്യാനിച്ചു, തിരുത്തണം': മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധം കനത്തതോടെ പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

'തെറ്റായി വ്യാഖ്യാനിച്ചു, തിരുത്തണം': മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധം കനത്തതോടെ പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തന്റെ പ്രതികരണം തെറ്റായി നല്‍കിയെന്നാരോപിച്ച് 'ദി ഹിന്ദു' പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് പ്രസ് സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു.

വാര്‍ത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചര്‍ച്ചക്ക് വഴിവെച്ചെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം 'ദി ഹിന്ദു' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. കള്ളക്കടത്ത് സ്വര്‍ണവും പണവും തീവ്രവാദത്തിന് ഉപയോഗിച്ചെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തുവെന്നും ഈ പണം രാജ്യവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഹിന്ദു പത്രം വ്യാഖ്യാനിച്ചത്.

ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല ഇതെന്നും വിഷയത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് പത്രാധിപര്‍ക്ക് കത്തയച്ചത്.

എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരാമര്‍ശം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സംഘ് പരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശമെന്നും മുഖ്യമന്ത്രി നടത്തുന്നത് ആര്‍എസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നും വി.ഡി സതീശന്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.