കൊച്ചി: പീഡന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് ഒടുവില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. അഡ്വ. ബി രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്താനാണ് കൊച്ചിയിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മകന്‍ ഷഹീനൊപ്പം സിദ്ദിഖ് മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് നടന്റെ അറസ്റ്റും തടഞ്ഞിരുന്നു. ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷവും സിദ്ദിഖ് ഒളിവിലായിരുന്നു. തുടര്‍ന്ന് കേസിന്റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി അഡ്വ. രാമന്‍ പിള്ളയുടെ കൊച്ചി നോര്‍ത്ത് ഓഫീസിലേക്ക് നടന്‍ എത്തുകയായിരുന്നു. നോട്ടീസ് ലഭിക്കുന്നതിനനുസരിച്ച് ചോദ്യം ചെയ്യലിന് സിദ്ദിഖ് ഹാജരാകുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
അന്വേഷണത്തില്‍ സഹകരിക്കണമെന്ന് സിദ്ദിഖിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാല്‍ ജാമ്യം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ ഉള്ളത്.