കൊച്ചി: വഖഫിന്റെ പേരില്‍ മുനമ്പത്ത് നിന്നും ആരെയും ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരമായി പ്രശ്‌നം പരിഹരിക്കാന്‍ മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന മുനമ്പം കടപ്പുറം മേഖലയിലെ 600 ല്‍പ്പരം കുടുംബങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കും നിയമ പോരാട്ടത്തിനും പിന്തുണ പ്രഖ്യാപിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ മുനമ്പത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
വഖഫ് കൊടുത്തിരിക്കുന്ന ഭൂമിയില്‍ അതിന് മുമ്പ് താമസക്കാരായവരെ ഒഴിപ്പിക്കാന്‍ നിയമമില്ല. വഖഫ് ഭൂമിയിലേക്ക് കടന്നു കയറിയ ആളുകളെ ഒഴിപ്പിക്കാനാണ് നിയമം. മുനമ്പത്ത് കയ്യേറ്റക്കാരില്ല.
പണം നല്‍കി വാങ്ങിയ ഭൂമി വഖഫിന്റെ ഭൂമി ആകില്ല. കേരളത്തിലെ മുസ്ലിം സംഘടനകള്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് എതിരാവില്ല. ഇത് മുസ്ലിം - ക്രൈസ്തവ വിഷയം അല്ല. ആരും നിങ്ങളുടെ ശത്രുക്കളല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതിനിടെ ഇതിന്റെ പേരില്‍ നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഗൂഢാലോചന തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.