തിരുവനന്തപുരം: അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം പൊളിയുന്നു. ദി ഹിന്ദു ദിനപത്രവുമായി അഭിമുഖം നല്‍കാന്‍ ഇടപെട്ടത് സിപിഎം നേതാവ് ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യന്‍ മാത്രമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വ്യക്തമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന സൂചനകള്‍.
ഇന്റര്‍വ്യൂവിന് തിയതിയും സ്ഥലവുമടക്കം നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്. മുന്‍കൂട്ടിയുള്ള തീരുമാനമനുസരിച്ചാണ് അഭിമുഖമെന്ന് പി.ആര്‍ ഏജന്‍സിയുടെ വിവരങ്ങളില്‍ നിന്നും മനസിലാക്കാം.
സുബ്രഹ്മണ്യന്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രി ഇരുന്നു കൊടുത്തതല്ല. പകരം സിപിഎം കേന്ദ്ര കമ്മിറ്റിക്കായി ഡല്‍ഹിയില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയുമായി ഇന്റര്‍വ്യു ആകാമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചതാണ്.
ഇത് മുഖ്യമന്ത്രിയുടെയും അദേഹത്തിന്റെ ഓഫീസിന്റെയും വ്യക്തമായ അറിവോടെയാണെന്നാണ് സൂചന. മറ്റ് മാധ്യമങ്ങള്‍ക്കും ഡല്‍ഹിയില്‍ വച്ച് തന്നെ അഭിമുഖം നല്‍കാമെന്ന് ഓഫീസ് അറിയിച്ചിരുന്നു.
അഭിമുഖത്തിനിടെ ഒരാള്‍ കൂടി അവിടേക്ക് കയറി വന്നതാണെന്നും ലേഖികയ്ക്കൊപ്പം വന്നയാളാണെന്നാണ് കരുതിയതെന്നുമാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. പി.ആര്‍ കമ്പനി കെയ്സനെക്കുറിച്ചും വന്നയാളെപ്പറ്റിയും അറിയില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.