ഓംപ്രകാശിന്റെ മുറിയില്‍ എത്തിയത് ലഹരി ഉപയോഗിക്കാനെന്ന് സംശയം; സിനിമാ താരങ്ങളെ ഉടന്‍ ചോദ്യം ചെയ്തേക്കും

ഓംപ്രകാശിന്റെ മുറിയില്‍ എത്തിയത് ലഹരി ഉപയോഗിക്കാനെന്ന് സംശയം; സിനിമാ താരങ്ങളെ ഉടന്‍ ചോദ്യം ചെയ്തേക്കും

കൊച്ചി: സിനിമാതാരങ്ങള്‍ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാന്‍ ആണെന്ന സംശയം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രയാഗമാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും പൊലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും. രണ്ട് പേരെയും ചോദ്യം ചെയ്യാന്‍ മരട് പൊലീസ് വിളിപ്പിക്കുമെന്നാണ് വിവരം. സിനിമാ താരങ്ങള്‍ക്കൊപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടല്‍ മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. നടന്നത് ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ നടത്തിയ ലഹരി പാര്‍ട്ടി തന്നെയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യയുണ്ട്.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലില്‍ നിന്നാണ് കഴിഞ്ഞ ദിവസം കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോള്‍ഗാട്ടി പാലസില്‍ നടന്ന അലെന്‍ വാക്കര്‍ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലഹരി ഉപയോഗം സംശയിക്കുന്ന തരത്തില്‍ കൊക്കെയിന്‍ അടങ്ങിയ ബാഗ് ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയില്‍ താരങ്ങളെത്തിയെന്ന് ബോധ്യപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.