കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് അതിരൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പുതിയ നേതൃത്വത്തെ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍. ബോസ്‌കോ പുത്തൂര്‍ നിയമിച്ചു. അതിരൂപതയുടെ പ്രോട്ടോ സിഞ്ചെലൂസ് ആയി ഫാ. ജേക്കബ് പാലക്കാപ്പിള്ളി നിയമിതനായി. ഫാ. ജോഷി പുതുവയനെ ചാന്‍സലറായും ഫാ. സൈമണ്‍ പള്ളുപേട്ടയെ അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസറായും ഫാ. ജിസ്മോന്‍ ആരംപള്ളിയെ സെക്രട്ടറിയായും നിയമിച്ചു.
അതിരൂപതയില്‍ തുടരുന്ന പ്രതിസന്ധിയില്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ തുടര്‍ന്നു നിര്‍വഹിക്കുന്നതിലുള്ള ബുദ്ധിമുട്ട് അതിരൂപതാ കാര്യാലയത്തില്‍ സേവനം ചെയ്യുന്ന വൈദികര്‍ തന്നെ രേഖാമൂലം അറിയിച്ചതിനാലാണ് അവരുടെ സ്ഥാനങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടത്തേണ്ട ആവശ്യം വന്നതെന്ന് ബിഷപ് മാര്‍. ബോസ്‌കോ പുത്തൂര്‍ അറിയിച്ചു.
അതിരുപതാ കാര്യാലയം കുറച്ച് ദിവസങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. അതിരൂപതാ കേന്ദ്രത്തില്‍ പ്രതിഷേധ സമരം നടത്തുന്ന വൈദികരോടും അല്‍മായരോടും അവിടെ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും അത് അവഗണിച്ചുകൊണ്ട് കച്ചേരിയുടെ പ്രവര്‍ത്തനം നിശ്ചലമാക്കി സമരം തുടരുന്ന സാഹചര്യത്തില്‍ സമരക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കേണ്ടത് അത്യാവശ്യമായി വരികയായിരുന്നുവെന്ന് മാ. ബോസ്‌കോ പുത്തൂര്‍ വ്യക്തമാക്കി.
അതേസമയം അതിരൂപതാ കാര്യാലയത്തില്‍ 2022 ഓഗസ്റ്റ് മുതല്‍ പ്രോട്ടോ സിഞ്ചെലൂസായി ശുശ്രൂഷ ചെയ്തുവരികയായിരുന്ന ഫാ. വര്‍ഗീസ് പൊട്ടക്കല, സിഞ്ചെല്ലൂസ് ആയിരുന്ന ഫാ. ആന്റണി പെരുമായ, ചാന്‍സലര്‍ ആയിരുന്ന ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, വൈസ് ചാന്‍സലര്‍ ആയിരുന്ന ഫാ. സോണി മഞ്ഞളി, അസിസ്റ്റന്റ് ഫിനാന്‍സ് ഓഫീസറും സെക്രട്ടറിയുമായിരുന്ന ഫാ. പിന്റോ പുന്നക്കലും അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞതായും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
പുതുതായി ചുമതല ഏറ്റെടുത്ത വൈദികര്‍ക്ക് ആശംസകളും ദൈവാനുഗ്രഹവും നേരുന്നതോടൊപ്പം അതിരൂപതാ കാര്യാലയത്തിലെ തങ്ങളുടെ ശുശ്രൂഷകള്‍ അവസാനിപ്പിക്കുന്ന വൈദികര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്യുന്നതായി ബിഷപ് പറഞ്ഞു.
അസേമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിരൂപതാ കാര്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പൊലീസിന്റെ സാന്നിധ്യം തുടര്‍ന്നും ഉണ്ടായിരിക്കും. കൂടാതെ അതിരൂപതാ കച്ചേരിയെ വിവിധ കാര്യങ്ങള്‍ക്കായി സമീപിക്കേണ്ടവര്‍ക്ക് അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കും. തന്റെ അംഗീകാരം ഇല്ലാത്ത ഒരു യോഗവും കൂടിച്ചേരലും അതിരുപതാ കാര്യാലയത്തില്‍ അനുവദിക്കുന്നതല്ലെന്നും വൈദികരും സമര്‍പ്പിതരും അലമായരും ഇക്കാര്യങ്ങളോട് സഹകരിക്കണമെന്നും അദേഹം വ്യക്തമാക്കി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മെത്രാന്‍ സിനഡിന്റെയും സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചും സഭാ നിയമങ്ങള്‍ അനുസരിച്ചും അതിനായി പരസ്പരം സഹായിച്ചും മുന്നോട്ട് നീങ്ങാമെന്നും ബിഷപ് ബോസ്‌കോ പുത്തൂര്‍ ആശംസിച്ചു.