ചങ്ങനാശേരി: സ്നേഹത്തിന്റെ സേവകനും ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് നിത്യതയിലേക്ക് യാത്രയായിട്ട് 55 വര്‍ഷം. ജാതി മത വ്യത്യാസമില്ലാതെ സഹായങ്ങളും നിര്‍ദേശങ്ങളുമായി ഓടിയെത്തുന്ന ആർച്ച് ബിഷപ്പ് ഒരു ജനകീയനായ പിതാവായിരുന്നു.
മാത്തച്ചന്‍ എന്നു വിളിപ്പേരുണ്ടായിരുന്ന മാര്‍ മാത്യു കാവുകാട്ട് പ്രവിത്താനം കാവുകാട്ട് ചുമ്മാറിന്റെയും ത്രേസ്യാമ്മയുടെയും ആറാമത്തെ മകനായി 1904 ജൂലൈ 17നാണ് ജനിച്ചത്.
1935 ഡിസംബര്‍ 21 ന് ബ്രദര്‍ കാവുകാട്ട് ബിഷപ്പ് മാര്‍ കാളാശേരിയില്‍ നിന്ന് വൈദികപട്ടം സ്വീകിര്ച്ച് പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. വിനീതവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റ ശൈലി അദേഹത്തെ ഏവര്‍ക്കും പ്രിയങ്കരനാക്കി.1950 ല്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1956 ഓഗസ്റ്റിൽ ചങ്ങനാശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ കാവുകാട്ട് പിതാവ് അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്തയായി.
സ്നേഹ ചൈതന്യത്തില്‍ സേവനം എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തനം ആരംഭിച്ച പിതാവ് തന്റെ മുന്‍പില്‍ സഹായം അഭ്യര്‍ഥിച്ച് എത്തിയ ആരെയും വെറും കയ്യോടെ മടക്കിയിരുന്നില്ല. ക്രൈസ്തവ പരസ്നേഹ പ്രവര്‍ത്തികള്‍ കാരുണ്യ പ്രവര്‍ത്തികളല്ല മറിച്ച് ദൈവിക ശുശ്രൂഷയാണ് വലുതെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു പിതാവ്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തയ്യാറാക്കിയ ഭവന നിര്‍മ്മാണ പദ്ധതി പിന്നീട് വന്ന സര്‍ക്കാരുകള്‍ പോലും മാതൃകയാക്കി.
മാതൃകാപരമായ സഭാസേവനം ചെയ്ത കാവുകാട്ട് പിതാവ് 1969 ഒക്ടോബര്‍ ഒമ്പതിനാണ് അന്തരിച്ചത്. 1994ല്‍ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19ന് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചിരിന്നു. ദിനംപ്രതി നിരവധി വിശ്വാസികളാണ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി മടങ്ങുന്നത്.