ഗ്രെറ്റയുടെ ടൂള്‍ കിറ്റ് കേസ്: യുവ പരിസ്ഥിതി പ്രവര്‍ത്തക ബെംഗളൂരുവില്‍ അറസ്റ്റില്‍

ഗ്രെറ്റയുടെ ടൂള്‍ കിറ്റ് കേസ്: യുവ പരിസ്ഥിതി പ്രവര്‍ത്തക ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: ഗ്രെറ്റ ത്യുന്‍ബെര്‍ഗിന്റെ ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നിന്നുളള യുവ പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാംപെയിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവി (21) എന്ന പരിസ്ഥിതി പ്രവര്‍ത്തകയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് യുവതിക്കെതിരേയുള്ള കേസ്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്. ഇന്നലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു.

രാജ്യത്തെ കര്‍ഷകസമരം അന്താരാഷ്ട്ര ശ്രദ്ധ നേടിയത് ഗ്രെറ്റ് ത്യുന്‍ബെയുടെ ട്വീറ്റിലൂടെയാണ്. ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കര്‍ഷക സമരത്തെ പിന്തുണയ്ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പോലീസ് പറയുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ടൂള്‍ കിറ്റ് എന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.