തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം. തങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ മാത്രമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഭയപ്പെടുത്തുകയൊന്നും വേണ്ട, അതാണ് ഞങ്ങള്‍ക്ക് ഗവര്‍ണറോട് പറയാനുള്ളത്. അതിനേക്കള്‍ വലിയ ഭയപ്പെടുത്തല്‍ ഈ കേരളം അതിന് മുമ്പും കണ്ടിട്ടുമുണ്ട്, അതിജീവിച്ചിട്ടുമുണ്ട്. ഈ ഗവര്‍ണര്‍ യഥാര്‍ഥത്തില്‍ കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. അദേഹത്തിന്റെ കാലാവധി സെപ്റ്റംബര്‍ അഞ്ചിന് പൂര്‍ത്തിയായി. അതിന് ശേഷം ഇതുവരെ നീട്ടി കൊടുത്തിട്ടില്ല.
ഭരണഘടന അനുസരിച്ച് അടുത്തയാള്‍ വരുന്നത് വരെ തുടരാമെന്നാണ്. അതുകൊണ്ട് കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ സ്ഥാനാത്തിരുന്നു കൊണ്ട് ഇത്തരത്തിലുള്ള തെറ്റായ നടപടികള്‍ എടുക്കുകയാണ്. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുക. വന്നില്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് വീമ്പ് പറയുക തുടങ്ങിയ കാര്യങ്ങളാണ് അദേഹം ചെയ്യുന്നത്'- ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് തടയേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന രീതിയിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. അത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റായ പ്രചാരണമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നടത്തി വരുന്നത്.
മലപ്പുറം വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടും അത് മനസിലായാലും ഇല്ലെങ്കിലും തെറ്റായ പ്രചാരവേല തന്നെയാണ് ഗവര്‍ണര്‍ നടത്തികൊണ്ടിരിക്കുന്നത്. ഞാന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത് സര്‍ക്കാരിനെ എന്തോ ചെയ്യുമെന്ന രീതിയില്‍ ഗര്‍ജനവും ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.