തിരുവനന്തപുരം: യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫും ഇവിടെ എത്തിയിട്ടുണ്ട്.
ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016 ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി.
നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞത്.