തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ എട്ട് കോടിയോളം രൂപ കേസ് നടത്തിപ്പിനായി ചിലവഴിച്ചെന്ന് ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസിനായി കെഎസ്ഐഡിസി രണ്ട് കോടി മുടക്കിയെന്നും ഷോണ്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് അബൂദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. അതില്‍ കോടികളുടെ ഇടപാട് നടന്നു. പല കമ്പനികളില്‍ നിന്നും ഈ അക്കൗണ്ടിലേക്ക് പണം വന്നു. സ്വന്തം പേരിലല്ലാതെ ദുബായില്‍ ഇവര്‍ക്ക് മണിമാളികകളുണ്ടെന്നും ഷോണ്‍ പറഞ്ഞു.
മാസപ്പടിക്കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെ എത്തും. മകള്‍ വീണാ വിജയനില്‍ മാത്രം ഒതുങ്ങുന്നതല്ല കേസ്. എന്ത് സേവനമാണ് വീണാ വിജയന്റെ കമ്പനി സിഎംഎഫ്ആര്‍എല്ലിന് നല്‍കിയത്?
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കേസിനെ തടസപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ സിഎംആര്‍എല്ലും വീണാ വിജയന്റെ എക്സാ ലോജിക്‌സും നടത്തിയിരുന്നു. കേസ് ശരിയായ ദിശയിലേക്ക് തന്നെ പോകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പരാതിക്കാരനാണ് താനെന്നും ഷോണ്‍ പറഞ്ഞു.
ഇപ്പോഴും തോട്ടപ്പളിയില്‍ കരിമണല്‍ ഖനനം നടക്കുന്നുണ്ട്. അതിലേക്കും അന്വേഷണം എത്തണം. ഇന്ത്യയുടെ മൂന്ന് ഹൈക്കോടതികളിലായി അഞ്ച് കേസുകളാണ് മാസപ്പടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്.
അതില്‍ തന്നെ ഡല്‍ഹി ഹൈക്കോടതിയിലെ ഒരു കേസ് ഇപ്പോഴും പരിഗണനയിലാണുള്ളത്. ആ കേസ് നവംബര്‍ 12 നാണ് കേള്‍ക്കുന്നത്. അതുവരെ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സാധിക്കില്ല.
ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരാണ് സിഎംആര്‍എല്ലിനായി ഹാജരായിരിക്കുന്നത്. ഫൈറ്റ് ചെയ്തിട്ടാണ് കേസ് ഇപ്പോള്‍ ഇവിടം വരെ എത്തി നില്‍ക്കുന്നത്. കേസ് എത്തേണ്ടിടത്ത് തന്നെ എത്തിയിരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.