തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സിഎംആര്‍എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. വീണയുടെ യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ വഹിച്ചത് സിഎംആര്‍എല്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടി.
വീണയുടെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മാസപ്പടിക്ക് പുറമേ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിഎംആര്‍എല്ലുമായുള്ള മറ്റ് ഇടപാടുകളിലെ വിവരങ്ങളും തേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) വിവര ശേഖരണം പൂര്‍ത്തിയായി.
കഴിഞ്ഞ ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിനായി ചെന്നൈയില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദ് മുമ്പാകെ വീണ ഹാജരായത്. കേസെടുത്ത് 10 മാസത്തിന് ശേഷമാണ് നടപടി. ഇതോടെ എഡിജിപി വിവാദത്തില്‍ പ്രതിപക്ഷ ആക്രമണം നേരിടുന്ന മുഖ്യമന്ത്രി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മൂന്ന് ഉപതിരഞ്ഞെപ്പുകള്‍ അടുത്തിരിക്കെ പ്രതിപക്ഷത്തിന് പ്രയോഗിക്കാനുള്ള ശക്തമായ ആയുധമായി ഇത് മാറും എന്നാണ് വിലയിരുത്തല്‍. കൂടാതെ ഇന്നും നാളെയും നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ഇത് ആയുധമാക്കും.
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണ് കേസ്. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്എഫ്ഐഒയുടെ അന്വേഷണം തടയാന്‍ വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സിഎംആര്‍എല്ലില്‍ പങ്കാളിത്തമുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയുടെ ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ. അരവിന്ദാക്ഷന്റെ മൊഴി ഒക്ടോബര്‍ മൂന്നിന് എസ്എഫ്‌ഐഒ രേഖപ്പെടുത്തിയിരുന്നു. ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകളും അദേഹം ഹാജരാക്കിയിരുന്നു. ഈ രേഖകളുടെ കൂടി പിന്‍ബലത്തിലാണ് വീണയുടെ മൊഴിയെടുത്തത്.
ജനുവരിയിലാണ് വീണയുടെ കമ്പനിയുടെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.