'കേസെടുക്കാവുന്ന പരാതികളുണ്ട്, ലഹരി ഉപയോഗത്തിലും അന്വേഷണം വേണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹെക്കോടതി

'കേസെടുക്കാവുന്ന പരാതികളുണ്ട്, ലഹരി ഉപയോഗത്തിലും അന്വേഷണം വേണം': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹെക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്‌ഐടി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. സിനിമ ഷൂട്ടിങ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും ലഹരി, മദ്യപാന ഉപയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്നും എസ്‌ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ് സുധ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പരിശോധിച്ച ശേഷം നിരീക്ഷണം നടത്തിയത്.

ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവരുടെ പേരുകള്‍ ഒരു വിധത്തിലും പുറത്ത് പോകരുതെന്നും പ്രത്യേകാന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രാഥമിക വിവര റിപ്പോര്‍ട്ടിലും എഫ്‌ഐആറിലും പേരുകള്‍ മറച്ചിരിക്കണം. ഇവയുടെ പകര്‍പ്പുകള്‍ പുറത്തു് പോകില്ല എന്ന് ഉറപ്പാക്കണം. എഫ്‌ഐആറിന്റെ പകര്‍പ്പ് അതിജീവിതമാര്‍ക്ക് മാത്രമേ നല്‍കാവൂ. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മാത്രമേ കുറ്റാരോപിതര്‍ക്ക് ഇതിന്റെ പകര്‍പ്പ് ലഭ്യമാകൂ.

ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ സാക്ഷികളില്‍ ആരും എസ്‌ഐടിയുമായി സഹകരിക്കാനോ മൊഴി നല്‍കാനോ തയാറല്ല. മൊഴി നല്‍കാന്‍ യാതൊരു കാരണവശാലും അവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം. സാക്ഷികള്‍ സഹകരിക്കാന്‍ തയാറാകാതിരിക്കുകയോ അല്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകാനുള്ള വസ്തുതകള്‍ ലഭിക്കാതെ വരികയോ ചെയ്യുമ്പോള്‍ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സ്ത്രീകളെ ചിത്രീകരിക്കാന്‍ എന്നതാണ് പ്രധാന നിര്‍ദേശം.

അഭിനേതാക്കള്‍ ചെയ്യുന്ന റോളുകള്‍ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതോ ആകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.