തിരുവനന്തപുരം: ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരിക്കാം എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍വച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയുടെ നടപടി സര്‍വീസ് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗഹൃദ കൂടിക്കാഴ്ചയെന്ന അജിത്കുമാറിന്റെ മൊഴി റിപ്പോര്‍ട്ട് തള്ളുന്നുണ്ടെങ്കിലും എന്തിന് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നിലമ്പൂര്‍ എംഎല്‍എ അന്‍വറിന്റെ പല പരാതിയിലും കൃത്യമായ തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അതേസമയം ചില കേസ് അന്വേഷണങ്ങളില്‍ വീഴ്ചയുണ്ടായതായും ഇതില്‍ തുടര്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രണ്ട് അന്വേഷണങ്ങളാണ് എഡിജിപിക്കെതിരെ നടന്നത്. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജി സ്പര്‍ജന്‍ കുമാര്‍ ഐപിഎസ്, തോംസണ്‍ ജോസ് ഐപിഎസ്, എ. ഷാനവാസ് ഐപിഎസ്, എസ്പി എസ്. മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളും സംസ്ഥാന പോലീസ് മേധാവി 05.10.2024-ന് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. എ ഡി ജി പിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി പി രാമകൃഷ്ണന്‍ എം എല്‍ എയുടെ സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.