എഡിഎമ്മിന്റെ ആത്മഹത്യ: കണ്ണൂരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം; പി.പി ദിവ്യയുടെ കോലം ഓഫിസിന് മുന്നില്‍ കെട്ടിത്തൂക്കി

എഡിഎമ്മിന്റെ ആത്മഹത്യ: കണ്ണൂരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധം; പി.പി ദിവ്യയുടെ കോലം ഓഫിസിന് മുന്നില്‍ കെട്ടിത്തൂക്കി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം.

തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ്, എന്‍ജിഒ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പ്രതിഷേധം നടത്തിയത്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിത്തൂക്കി. ഓഫിസിനു മുന്നില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി.

ക്വാര്‍ട്ടേഴ്സില്‍നിന്ന് എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു.

എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്സ് പരിസരത്തേക്ക് കടത്തി വിടാത്തതില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു. തെളിവു നശിപ്പിക്കുന്നതിനായാണ് ആരെയും അകത്തേക്ക് കടത്തിവിടാത്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നവീന്‍ ബാബുവിന്റെ മൃതദേഹം മറ്റാരെയും കാണിച്ചിട്ടുമുണ്ടായിരുന്നില്ല.

ഇതിനിടെ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് പള്ളിക്കുന്നിലെ വാടക വീട്ടില്‍ നിന്നും നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ യുഡിഎഫ്, ബിജെപി, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

ആംബുലന്‍സ് തടഞ്ഞ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പള്ളിക്കുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഇരു ഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് മാറ്റുകയായിരുന്നു. പതിനൊന്ന് മണിയോടെ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ജീവനക്കാര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനെ തടഞ്ഞുവച്ചു. പൊലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജിവയ്ക്കണം, ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണം, ഇവര്‍ക്കെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഇന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

ഇന്നലെ വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.