എഡിഎമ്മിന്റെ മരണം: റവന്യൂ ജീവനക്കാര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

 എഡിഎമ്മിന്റെ മരണം:  റവന്യൂ ജീവനക്കാര്‍ നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

തിരുവനന്തപുരം: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധവുമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍. നാളെ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം.

മരണത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിയും പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുക.

അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ക്ഷണിക്കാതെ വേദിയിലെത്തി നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.