പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി. സരിന്‍ സിപിഎമ്മിലേക്കെന്ന് സൂചന.
പി. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സരിന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് പി. സരില്‍ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി. സരിന്‍ പറഞ്ഞു.
ഇതിന് പിന്നാലെ സരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നുവെന്നും പ്രത്യാഘാതം എന്തായാലും നേരിടേണ്ടി വരുമെന്നും അദേഹം പറഞ്ഞു.