തൃശൂര്‍: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എയും. നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന അഭ്യൂഹം പൂര്‍ണമായും തള്ളാതെയാണ് അന്‍വറിന്റെ പ്രതികരണം.
എംഎല്‍എ സ്ഥാനം രാജിവച്ച് പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ നമുക്ക് കാണാം, സമയമുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇത്തരം വാര്‍ത്തകള്‍ തള്ളുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് തള്ളണമെന്നായിരുന്നു പ്രതികരണം.
എന്ത് വേണമെങ്കിലും ഈ ജനാധിപത്യ രാജ്യത്ത് ചെയ്യാമല്ലോ. മത്സരിക്കാം, മത്സരിക്കാതിരിക്കാം, രാജിവെക്കാം, എന്തുമാകാം. സരിന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സരിന് തീരുമാനിക്കാം. രാവിലെ 10ന് പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സര്‍പ്രൈസായി കാര്യങ്ങള്‍ പറയും. ഞാന്‍ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്സസിന്റെ ഉറക്കം നഷ്ടപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു.