കൊച്ചി: അവയവദാനത്തിന് അനുമതി നല്‍കാന്‍ ആശുപത്രി തലത്തില്‍ ഓതറൈസേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയക്കുള്ള അപേക്ഷകള്‍ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയുടെ പരിഗണനക്കാണ് പോകേണ്ടി വരുന്നത്. ഇത് കാലതാമസത്തിനിടയാക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്.
വര്‍ഷത്തില്‍ 25 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളില്‍ ഓതറൈസേഷന്‍ കമ്മിറ്റി രൂപീകരിക്കാമെന്ന് അവയവദാനവുമായി ബന്ധപ്പെട്ട ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദേശം. രോഗിയും ദാതാവും തമ്മില്‍ അടുത്ത ബന്ധമില്ലെന്ന കാരണത്താല്‍ ജില്ല, സംസ്ഥാനതലഓതറൈസേഷന്‍ സമിതികള്‍ വൃക്ക ദാനത്തിനുള്ള അപേക്ഷ തള്ളിയതിനെതിരെ എറണാകുളം ഗോതുരുത്ത് സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഹര്‍ജിക്കാരന് വൃക്കദാനം ചെയ്യാന്‍ തയാറായത് തൃശൂര്‍ ശാന്തിപുരം സ്വദേശിയായിരുന്നു. ഇരുവരും അപരിചിതരാണെന്നും അവയവദാനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് സംശയിക്കുന്നുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് അടക്കം പരിഗണിച്ച് ഓതറൈസേഷന്‍ കമ്മിറ്റികള്‍ അപേക്ഷ തള്ളുകയായിരുന്നു.