കൊച്ചി: മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ രൂപീകരിക്കുന്നുവെന്ന തരത്തില്‍ ചില വ്യക്തികള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ അതിരൂപതാംഗങ്ങള്‍ ജാഗ്രത പൂലര്‍ത്തണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്തതുമായ ഏകീകൃത വിശുദ്ധ കൂര്‍ബാന അര്‍പണ രീതിക്കെതിരേ നിരന്തരമായ എതിര്‍പ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടര്‍ന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലര്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പെന്ന് അദേഹം വ്യക്തമാക്കി.
സഭാ സംവിധാനങ്ങളെ വെല്ലുവിളിച്ചും അനൂസരണക്കേടിനെ ന്യായീക രിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു. ഏകീകൃത രീതിയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പണം നടപ്പിലാക്കാതെ അനുസരണക്കേടില്‍ തുടരുന്നവര്‍ ഒരുമിച്ചുകൂടി പരിശുദ്ധ മാര്‍പാപ്പയുടെ കീഴില്‍ ഒരു സ്വതന്ത്ര സഭയായി നില്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രചാരണം.
അതേസമയം മാര്‍പാപ്പ പറഞ്ഞത് അനുസരിക്കാത്തവരെ എങ്ങനെയാണ് കത്തോലിക്കാ സഭയില്‍ ഒരു പ്രത്യേക സഭയായി മാര്‍പാപ്പ അംഗീകരിക്കുന്നതെന്ന് അദേഹം ചോദിച്ചു.
2021 ജൂലൈ മൂന്നിന് സീറോമലബാര്‍ സഭയ്ക്ക് പൊതുവായും 2022 മാര്‍ച്ച് 25 ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രതേകമായും ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കാന്‍ മാര്‍പാപ്പ കത്തുകള്‍ എഴുതിയിരുന്നു. എന്നിട്ടും അനുസരണക്കേട് തുടര്‍ന്നപ്പോള്‍ അതിരുപതയുടെ ഭരണം മാര്‍പാപ്പയുടെ നിയന്ത്രണത്തിലാക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു.
അതിനുപുറമെ ആര്‍ച്ചുബിഷപ് മാര്‍ സിറില്‍ വാസിലിനെ പ്രത്യേക പ്രതിനിധിയായി (പൊന്തിഫിക്കല്‍ ഡലഗേറ്റ്) അതിരുപതയിലേക്കയ് അയക്കുകയും ചെയ്തു.
നിര്‍ബന്ധ ബുദ്ധിയോടെയുള്ള അനുസരണക്കേടും സഭാപരമല്ലാത്ത പ്രതിഷേധങ്ങളും തുടര്‍ന്നപ്പോള്‍ അസാധാരണമായ വിധത്തില്‍ വീഡിയോ സന്ദേശത്തിലൂടെ 2023 ഡിസംബര്‍ ഏഴിന് ഫ്രാന്‍സീസ് മാര്‍പാപ്പ അതിരുപതാംഗങ്ങളോട് അനുസരിക്കാന്‍ ആവശ്യപ്പെടുകയും അനുസരണക്കേടില്‍ തുടര്‍ന്നാല്‍ അത് ശീശ്മയാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
മാര്‍പാപ്പയുടെ പിതൃസഹജമായ ആവര്‍ത്തിച്ചുള്ള ആഹ്വാനത്തെ തള്ളിക്കളയുന്നതിനും വാക്കുകള്‍ വളച്ചൊടിക്കുന്നതിനും പരിശുദ്ധ പിതാവിന്റെ പ്രതിനിധികളെ അപമാനിക്കുന്നതിനും നേതൃത്വം നല്‍കുന്നവരാണ് പുതിയ സഭയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുന്നതെന്നും അദേഹം കുറ്റപ്പെടുത്തി. ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ നടത്തുന്ന സമരപരിപാടികള്‍ മാര്‍പാപ്പയുടെ അധികാരത്തിനെതിരേ നടത്തുന്ന പ്രതിഷേധമാണ് എന്ന് അതിരൂപതാംഗങ്ങള്‍ തിരിച്ചറിയുകയും സമര മാര്‍ഗത്തില്‍ നിന്നും പിന്തിരിയുകയും ചെയ്യേണ്ടതാണ്. പരിശുദ്ധ പിതാവിനോടും സീറോമലബാര്‍ മ്രെതാന്‍ സിനഡിനോടും മേജര്‍ ആര്‍ച്ച് ബിഷപ്പിനോടും ചേര്‍ന്നുനിന്നുകൊണ്ട് സഭാ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
മാര്‍പാപ്പയുടെ വീഡിയോ സന്ദേശത്തില്‍ അതിരൂപതയ്ക്ക് നല്‍കിയ ആഹ്വാനം:
''കൂട്ടായ്മയുടെ മാതൃകകളും നല്ല അധ്യാപകരും ആയിരിക്കേണ്ട ചിലര്‍, പ്രത്യേകിച്ചു വൈദികര്‍, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും വര്‍ഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കൂന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ അവരെ പിന്തുടരരുത്! എല്ലാ സഹോദരീ സഹോദരന്മാരെയും വിശ്വാസത്തിലും സഭാ ഐകൃത്തിലൂം ഉറപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിന്‍ഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങള്‍ സഹകരിക്കാത്തത് കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികള്‍ നിങ്ങളെ സഭയ്ക്ക് പുറത്താക്കുന്ന നിര്‍ബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. ഉചിതമായ ശിക്ഷണ നടപടികള്‍, അത്യധികം വേദനയോടെയാണെങ്കിലും എടുക്കേണ്ടതായി വരും'.
(2023 ഡിസംബര്‍ ഏഴിന് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ വീഡിയോ സന്ദേശത്തില്‍ നിന്ന്)