ഫോണ്‍ നോക്കി വാഹനമോടിച്ചാല്‍ വാഹനം കണ്ടുകെട്ടും; ഗതാഗത നിയമം കടുപ്പിച്ച് ദുബായ്

ഫോണ്‍ നോക്കി വാഹനമോടിച്ചാല്‍ വാഹനം കണ്ടുകെട്ടും; ഗതാഗത നിയമം കടുപ്പിച്ച് ദുബായ്

ദുബായ്: വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഗതാഗത നിയമലംഘങ്ങളുടെ തോത് അനുസരിച്ച് വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി. റോഡ് അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും പിഴ ഈടാക്കുന്നത് കര്‍ശനമാക്കാനും ലക്ഷ്യമിട്ടാണ് നടപടി.

ജീവനും സ്വത്തിനും ഭീഷണിയാകും വിധത്തില്‍ മുന്നറിയിപ്പില്ലാതെ വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിത്തിരിക്കുക, മതിയായ അകലം പാലിക്കാതെ വാഹനം ഓടിക്കുക, റോഡില്‍ നിന്ന് ശ്രദ്ധതിരിയും വിധം മൊബൈല്‍ ഫോണോ മറ്റ് ഉപകരണകളോ ഉപയോഗിച്ച് വാഹനം ഓടിക്കുക, ലെയിന്‍ നിയമങ്ങള്‍ പാലിക്കാത്തിരിക്കുക എന്നിവ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.

വാഹനങ്ങളുടെ ഒഴുക്ക് വകവെക്കാതെ റോഡിലേക്ക് പ്രവേശിക്കുക, അശ്രദ്ധമായി വാഹനം പിന്നോട്ട് എടുക്കുക, നടുറോഡില്‍ മതിയായ കാരണമില്ലാതെ വണ്ടി നിര്‍ത്തുക, അപകടം ഉണ്ടാക്കും വിധം മുന്നിലെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 14 ദിവസത്തേക്കാണ് വാഹനങ്ങള്‍ കണ്ടുകെട്ടുക. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ ഹാര്‍ഡ് ഷോള്‍ഡറില്‍ വാഹനം നിര്‍ത്തിയിട്ടാലും ഓവര്‍ ടേക് ചെയ്താലും വാഹനം രണ്ടാഴ്ചത്തേക്ക് പിടിച്ചെടുക്കും. നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കിലും ഒരു നമ്പര്‍ പ്ലേറ്റ് മാത്രം വച്ച് വാഹനം ഓടിച്ചാലും പൊലീസിന്റെ പിടിവീഴും. 14 ദിവസം കഴിയാതെ വാഹനം തിരിച്ച് കിട്ടില്ല. അനുമതി ഇല്ലാതെ വാഹനത്തിന്റെ നിറം മാറ്റിയാലും ഗതാഗത തടസം ഉണ്ടാക്കും വിധം വാഹനമോടിച്ചാലും 14 ദിവസത്തേക്ക് പൊലീസ് വാഹനം പിടിച്ചെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.