കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പണ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ടേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍. അതിരൂപതയ്ക്കായി പുറത്തിക്കിയ സര്‍ക്കുലറിലാണ് കടുത്ത നിലപാടുകള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം 13 വിമത വൈദികര്‍ നടത്തിയ പ്രതിഷേധത്തെ പൊലീസ് സഹായത്തോടെ മറികടന്നതിന് പിന്നാലെയാണ് നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കിയുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പുതുതായി പൗരോഹിത്യം സ്വീകരിക്കുന്ന സീക്കന്മാര്‍ ഒരിക്കലും ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കില്ലെന്നും ഏകീകൃത കുര്‍ബാന മാത്രം ചൊല്ലാമെന്ന സമ്മതപത്രം ഡീക്കന്മാര്‍ ഒപ്പിട്ട് നല്‍കിയെന്നും സര്‍ക്കുലറില്‍ പറയുന്നു.
വിമത വൈദികര്‍ക്ക് ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ഒരവരം കൂടി എന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍, ഏകീകൃത കുര്‍ബാന അര്‍പ്പിക്കേണ്ടത് പൊതു കുര്‍ബാനയുടെ സമയത്ത് തന്നെ ആകണമെന്നും കുര്‍ബാനക്കിടയിലുള്ള പ്രസംഗത്തിലോ, അറിയിപ്പിലോ സഭാ നേതൃത്വത്തിനെതിരെ സംസാരിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഈ നിര്‍ദേശം ഇടവക പൊതുയോഗങ്ങള്‍ക്കും ബാധകമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വിമര്‍ശനം ഉയര്‍ത്തിയാല്‍ അല്‍മായര്‍ക്കും എതിരെ കാനോനിക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വിമത സംഘടനകളേട് അനുഭാവം പുലര്‍ത്തരുതെന്നും ഇവര്‍ക്ക് സമ്മേളനം നടത്താന്‍ സ്ഥാപനങ്ങളും ഇടവകകളും വിട്ടു നല്‍കരുതെന്നും വൈദികര്‍ക്കും സന്യസ്ഥര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി. അരമനയില്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെ ആര്‍ക്കും പ്രവേശനം ഇല്ലെന്നും സര്‍ക്കുലറില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ വ്യക്തമാക്കി.
വിമത വിഭാഗത്തിന് പിന്തുണ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍. ആരംഭത്തില്‍ വിമത പക്ഷത്ത് നാനൂറോളം വൈദികരുണ്ടായിരുന്നു. പുതിയ കൂരിയ നിലവില്‍ വന്നതോടെ അച്ചടക്ക നടപടി ഭയന്ന് പ്രത്യക്ഷ സമര പരിപാടികളില്‍ നിന്ന് കൂടുതല്‍ വൈദികര്‍ പിന്‍മാറിയത് വിമതര്‍ക്ക് തിരിച്ചടിയായി.