എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി മുഹമ്മദ് ഇജാസ് അറസ്റ്റില്‍

 എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി മുഹമ്മദ് ഇജാസ് അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് യുഎഇയിലേക്ക് പോകേണ്ട വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യയുടെ 3-എല്‍ 204 എന്ന വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയുള്ളതായിരുന്നു സന്ദേശം.

എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി പിടിയിലായത്.

അറസ്റ്റ് ചെയ്ത ഇജാസിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ മഞ്ചേരി സബ് ജയിലിലാണ് പ്രതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.