ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബസിന്റെ പകുതിയിളധികം കനാലില്‍ മുങ്ങി. ഏഴു പേര്‍ നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്. ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇതേ തുടര്‍ന്ന് ബന്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെളളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.