വൈദികർ തങ്ങളുടെ മെത്രാനോട് കൂറു പുലർത്തുന്നില്ലെങ്കിൽ അവർക്ക് എന്തിന്റെയോ കുറവുണ്ട്: ഫ്രാൻസിസ് മാർപാപ്പ

വൈദികർ തങ്ങളുടെ മെത്രാനോട് കൂറു പുലർത്തുന്നില്ലെങ്കിൽ അവർക്ക് എന്തിന്റെയോ കുറവുണ്ട്: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ലളിതമായ ഒരു ആത്‌മീയത വളർത്തിയെടുക്കണമെന്നും ദൈവത്തോടും സ്വന്തം രൂപതയിലെ മെത്രാനോടും മറ്റു വൈദികരോടും ദൈവജനത്തോടുമുള്ള അടുപ്പം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും വൈദികരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.

സ്പെയിനിലെ തൊളേദോയിൽ നിന്നുള്ള ഒരു സംഘം സെമിനാരിക്കാർക്കും വൈദികർക്കും വത്തിക്കാനിൽ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയുടെ അവസരത്തിൽ അവരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. നാലുതരം ബന്ധങ്ങളാണ് വൈദികർ വളർത്തിയെടുക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. ഒന്നാമതായി, ദൈവത്തോടുള്ള അടുപ്പം കാത്തുസൂക്ഷിക്കുകയും അവിടുത്തെ കണ്ടുമുട്ടാനുള്ള കഴിവ് നേടിയെടുക്കുകയും വേണം.

രണ്ടാമത്തേത്, വൈദികരും മെത്രാന്മാരുമായുള്ള പരസ്പര ബന്ധവും അടുപ്പവുമാണ്. സ്വന്തം മെത്രാനോട് കൂറു പുലർത്താത്ത വൈദികർ വൈകല്യമുള്ളവരാണെന്നും അവർക്ക് എന്തിൻ്റെയോ കുറവുണ്ടെന്നും പരിശുദ്ധ പിതാവ് താക്കീത് നൽകി.

സെമിനാരിയിയിലെ പരിശീലനകാലത്തു തുടങ്ങുന്ന വൈദികർ തമ്മിലുള്ള അടുപ്പവും ഐക്യദാർഢ്യവും എന്നും കാത്തു സൂക്ഷിക്കണമെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി. നാലാമതായി, ദൈവ ജനത്തോടുള്ള അടുപ്പം വളർത്തിയെടുക്കാൻ ഒരു വൈദികന് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

വത്തിക്കാനിലേക്കുള്ള തങ്ങളുടെ തീർത്ഥാടനത്തിന്റെ ഭാഗമായി, സക്രാരിയുടെ മുന്നിലേക്കുള്ള ഒരു പരമ്പരാഗത പ്രദക്ഷിണത്തിൽ അവർ പങ്കെടുക്കാൻ പോകുകയാണെന്ന കാര്യം പാപ്പ അവരെ അനുസ്മരിപ്പിച്ചു. സക്രാരിയുമായി ബന്ധപ്പെട്ട ഈ പഴയ പാരമ്പര്യത്തിന് മൂന്നു ഭാഗങ്ങളുണ്ടെന്ന് പാപ്പ പറഞ്ഞു. വിശുദ്ധ കുർബാന അർപ്പണം, ദിവസം മുഴുവനുമുള്ള വിശുദ്ധ കുർബാനയുടെ പരസ്യ ആരാധന, സമാപന പ്രദക്ഷിണം എന്നിവയാണ് അവ. പൗരോഹിത്യത്തിന്റെ അടിസ്ഥാന വശങ്ങളാണ് ഇവ മൂന്നും ഉയർത്തിക്കാട്ടുന്നതെന്ന് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.

ഒന്നാമതായി, വിശുദ്ധ കുർബാനയിൽ യേശു നമ്മിലേക്ക് കടന്നുവരുന്നു. കൗദാശികമായും തിരുവചനത്തിലും അവിടുന്ന് സഭയിൽ സന്നിഹിതനാകുന്നത് പൗരോഹിത്യത്തിലൂടെയാണ്. അതിനുശേഷം, ദിവസം മുഴുവനുമുള്ള പരസ്യ ആരാധനയ്ക്കായി വിശുദ്ധ കുർബാന അരുളിക്കയിൽ പ്രതിഷ്ഠിക്കുന്നു. വിശുദ്ധ കുർബാനയ്ക്ക് മുമ്പിൽ ചെലവഴിക്കുന്ന സമയം ദൈവത്തെ ശ്രവിക്കാനുള്ള ഒരു അവസരമാണെന്നും അതിനാൽ താൻ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സെമിനാരിക്കാരോടും വൈദികരോടും മാർപാപ്പ പറഞ്ഞു.

മൂന്നാമത്തെ ഭാഗം, വിശുദ്ധ കുർബാനയുടെ പ്രദക്ഷിണമാണ്. ദൈവജനത്തിന്റെ അടുത്തേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ അകമ്പടി സേവിക്കാനും ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനുമുള്ള ഒരു പൗരോഹിതൻ്റെ വിളിയെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.

'നമ്മെ നയിക്കുന്നവനിൽ ദൃഷ്ടിയുറപ്പിച്ച്, ഇപ്പോൾ കൗദാശികമായി അനുഭവിക്കുന്നവനെ ഒരിക്കൽ മുഖാമുഖം കണ്ടുമുട്ടാമെന്ന പ്രത്യാശയിൽ നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാം' - ഈ ആശംസയോടെയാണ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.