വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ അധികാരത്തിന്റെ പ്രതീകമായ വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വർഷത്തെ ഇടവേളക്ക് ശേഷം പരസ്യ വണക്കത്തിനായി പ്രദർശിപ്പിക്കുന്നു. സെന്റ് പീറ്റേഴസ് ബസിലിക്കയിൽ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തിൽ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുമ്പിൽ സിംഹാസനം പ്രദർശിച്ചു. മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ട് വരെയാണ് സിംഹാസനം പ്രദർശിപ്പിക്കുന്നത്.
വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹൻമാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാർഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനിൽ പരസ്യമായി പ്രദർശിപ്പിച്ചത്.
എഡി 875 -ൽ റോമൻ ചക്രവർത്തിയായ ചാൾസ് ദി ബാൾഡ് ജോൺ എട്ടാമൻ മാർപാപ്പക്ക് സമ്മാനിച്ച തടികൊണ്ടു നിർമിച്ച ഇരിപ്പിടമാണ് പത്രോസിന്റെ സിംഹാസനം എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ വിശുദ്ധ പത്രോസ് അന്ത്യോക്കിയായിലും പിന്നീട് റോമിലും സുവിശേഷം പ്രഘോഷിച്ചപ്പോൾ ഉപയോഗിച്ച ഇരിപ്പിടം എന്ന നിലയിൽ ഒരു തിരുശേഷിപ്പായി പിന്നീട് ജനങ്ങൾ ഈ ഇരിപ്പിടത്തെ വണങ്ങി തുടങ്ങി.