മുംബൈ: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതി മലയാളി അഭിഭാഷക നികിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ച വിധി പറയും.
അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റൊരു പ്രതി പരിസ്ഥതി പ്രവര്‍ത്തക ദിഷ രവിയെ ഡല്‍ഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദിഷ രവിയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
ദിഷ രവിക്ക് ദിവസം 30 മിനിറ്റ് അഭിഭാഷകരെ കാണാനും 15 മിനിറ്റ് കുടുംബാംഗങ്ങളെ കാണുന്നതിനും ഡല്‍ഹി പാട്യാല കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് ഡല്‍ഹി പോലീസ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നുണ്ട്.