വേളാങ്കണ്ണി: ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയുടെ പരിസരത്ത് നടക്കുന്ന ദുരാചാരങ്ങള്‍ക്ക് കര്‍ശന വിലക്കുമായി ദേവാലയ അധികൃതര്‍.
ലക്ഷക്കണക്കിന് വിശ്വാസികള്‍ ഓരോ വര്‍ഷവും എത്തുന്ന തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭവന നിര്‍മ്മാണത്തിനും പുതിയ ബിസിനസ് അഭിവൃദ്ധിപ്പെടുന്നതിനും താഴും പൂട്ടും കെട്ടുന്നത് ഫലപ്രദമാണെന്ന വിധത്തില്‍ നേരത്തെ മുതല്‍ പ്രചരണം നടന്നിരുന്നു.
എന്നാല്‍ ഇത്തരമൊരു രീതി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇല്ലെന്ന് വിവിധ ഭാഷകളിലുള്ള ദിവ്യബലി അര്‍പ്പണത്തെ തുടര്‍ന്ന് വൈദികര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
മലയാളം, കൊങ്കിണി ഭാഷകളില്‍ എല്ലാ ദിവസവും ദിവ്യബലി അര്‍പ്പണം നടക്കുന്ന മോര്‍ണിങ് സ്റ്റാര്‍ ദേവാലയത്തിലും മുന്നറിയിപ്പ് നല്‍കുന്നത് പതിവാക്കിയിട്ടുണ്ട്. മാതാ കുളത്തിന് സമീപത്തായും കുരിശിന്റെ വഴി പാതയില്‍ മുട്ടിന്‍മേല്‍ ഇഴഞ്ഞു നീങ്ങുന്ന വീഥിയ്ക്കു പരിസരത്തും ഇത്തരത്തില്‍ നിരവധി താഴും പൂട്ടും ചരടും വില്‍പ്പന നടത്തുന്നവരുണ്ട്.
ഇത് വാങ്ങരുതെന്നും ദേവാലയ പരിസരത്ത് ഇവ കെട്ടുന്നത് തെറ്റാണെന്നും നിരോധിക്കപ്പെട്ട കാര്യം ചെയ്യുന്നത് അനുഗ്രഹമായി മാറില്ലെന്നും ദേവാലയത്തിലെ വൈദിക നേതൃത്വം വ്യക്തമാക്കി. 2021 മുതല്‍ അനാചാരങ്ങള്‍ക്കെതിരെ തീര്‍ത്ഥാടന കേന്ദ്രം നിലപാട് കടുപ്പിച്ചിരുന്നു. പൂട്ട് തൂക്കുന്ന കമ്പി മുറിച്ച് മാറ്റിയായിരുന്നു ആദ്യം നിയന്ത്രണം കൊണ്ടുവന്നത്.
പിന്നീട് അള്‍ത്താരയിലും ദേവാലയ പരിസരങ്ങളിലും പൂട്ട് കെട്ടുന്നത് തുടരുന്ന സാഹചര്യത്തിലാണ് വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഭാവിയില്‍ വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തുന്നവര്‍ കച്ചവടക്കാരുടെ തന്ത്രത്തില്‍ വീണ് അനാചാരത്തിന് കൂട്ടുനില്‍ക്കരുതെന്നാണ് പള്ളി അധികൃതര്‍ വ്യക്തമാക്കുന്നത്.