ജോലിയില്‍ ഇരിക്കെ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തു വിടണം: പ്രതിപക്ഷ നേതാവ്

 ജോലിയില്‍ ഇരിക്കെ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തു വിടണം:  പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ജോലിയില്‍ ഇരിക്കെ ക്ഷേമ പെന്‍ഷന്‍ വാങ്ങിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പേരുകള്‍ പുറത്തു വിട്ടില്ലെങ്കില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയത്തിന്റെ നിഴലിലാകുമെന്ന് അദേഹം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നല്‍കിയ കത്തില്‍ പറയുന്നു.

സാമൂഹിക സുരക്ഷ പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹരായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുമ്പുതന്നെ സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സി.എ.ജിയെ അറിയിച്ചിരുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നത് അദ്ഭുതമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂര്‍ണ രൂപം:

ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണ്.

പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്.

സര്‍ക്കാര്‍ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്റ്റ്വെയറായ സേവനയും ഒത്തു നോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടുവര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്.

സര്‍വീസില്‍ തുടരവേ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അല്ലാത്തപക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്.

പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. ഏതാനും സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങള്‍ ഇതിന്റെ പേരില്‍ നിഷേധിക്കപ്പെടരുത്.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറില്‍ ചില ഗുരുതരമായ പോരായ്മകള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.